കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കാനൊരുങ്ങി പരീക്ഷാ കൺട്രോളർ പി ജെ വിൻസന്റെ. ഇന്ന് രാജിക്കത്ത് വൈസ് ചാൻസിലർക്ക് കൈമാറും. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് 2020 തിലെതിന് സമാനമായി ആവർത്തിക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് വർഷം മാത്രം മാറ്റിയാണ് പരീക്ഷ നടത്തിയത്. പരീക്ഷാ ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകർക്കെതിരെ അന്വേഷണം നടക്കുകയാണ്. സർവ്വകലാശാല പഠന ബോർഡ് ചെയർമാന്മാർ നൽകുന്ന പാനലിൽ നിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയ്യാറാക്കാൻ ഒരു അധ്യാപകനെ നിയമിക്കുന്നത്. ചോദ്യകർത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് (പഠന ബോർഡ്) ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതിൽ ഒരു ചോദ്യപേപ്പർ ആണ് പരീക്ഷ കൺട്രോളർ പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്.