പറവൂർ: തിയറ്ററിൽവച്ച് ഭാര്യയോട് അപമര്യാദയായി പെരുമാറിയതിനെതിരെ പ്രതികരിച്ച യുവാവിന് ക്രൂര മർദ്ദനം. സൗത്ത് ചിറ്റൂർ സ്വദേശി ജിബിനാണ് ഭാര്യയുടെ മുന്നിൽവച്ച് അക്രമികളുടെ ക്രൂര മർദ്ദനമേറ്റത്. സംഭവത്തിൽ ചേന്ദമംഗലം സ്വദേശി ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപുവിനൊപ്പം ജിബിനെ മർദ്ദിച്ച കണ്ടാലറിയാവുന്ന ഇരുപതിലധികം പേർക്കെതിരെ കേസും റജിസ്റ്റർ ചെയ്തു. മർദ്ദനമേറ്റ ജിബിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് ജിബിന് തിയറ്ററിനു പുറത്തുവച്ച് മർദ്ദനമേറ്റത്. വടക്കൻ പറവൂരിലെ ഭാര്യവീട്ടിലെത്തിയ ജിബിൻ, ഭാര്യ പൂജയ‌്ക്കൊപ്പം സിനിമ കാണുന്നതിനായി നഗരത്തിലെ തിയറ്ററിലെത്തിയതായിരുന്നു. സിനിമയുടെ ഇടവേളയിൽ പോപ്കോൺ വാങ്ങാൻ പോയ ഭാര്യയോട് ദീപു അപമര്യദയായി പെരുമാറിയതിനെ ജിബിൻ ചോദ്യം ചെയ്തു. ഇയാൾ ക്ഷമാപണം നടത്തിയതോടെ പ്രശ്നം അവസാനിച്ചു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ജിബിനെ അവിടെവച്ച് ദീപു വിളിച്ചുവരുത്തിയ ഒരു സംഘം ആളുകൾ മർദ്ദിക്കുകയായിരുന്നു. ഇവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് വിമർശനമുണ്ട്.
‘സിനിമയുടെ ഇടവേളയിൽ പോപ്കോൺ വാങ്ങാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെ ഒരാൾ വന്ന് എന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി. അയാൾ അവളുടെ പിൻഭാഗത്ത് സ്പർശിക്കുകയായിരുന്നു. ചോദിച്ചപ്പോൾ അയാൾ സോറി പറഞ്ഞു. അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. ആ പ്രശ്നം അവിടെ തീർന്നു.’
‘പിന്നീട് സിനിമ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അയാൾ കുറേ ആളുകളെയും കൂട്ടി വന്ന് എന്നെ ഉപദ്രവിക്കുകയായിരുന്നു. അതിനിടെ എന്റെ ഭാര്യയുടെ മുടിയിൽ പിടിച്ച് വലിക്കുകയും അവൾ മതിലിൽ പോയി വീഴുകയും ചെയ്തു. പിടിവലിക്കിടെ എന്റെ മാല പൊട്ടിപ്പോയി. അവർ ഭയങ്കരമായിട്ട് അസഭ്യം പറയുകയും ചെയ്തു’ – ജിബിൻ പറഞ്ഞു.
അക്രമികൾ മുടിക്കു കുത്തിപ്പിടിച്ച് മർദ്ദിച്ചതായി ജിബിന്റെ ഭാര്യ പൂജയും ആരോപിച്ചു. ‘എന്റെ അളിയനെ തല്ലാറായോ, പാർട്ടിക്കാരെ തൊടാറായോ എന്നൊക്കെ ചോദിച്ച് ജിബിൻ ചേട്ടനെ പിടിച്ചുകൊണ്ടുപോയി ഇടിച്ചു. അവർ കുറേപ്പേരുണ്ടായിരുന്നു. ഞാൻ തടയാനായി കേറിച്ചെല്ലാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല. ചിലർ വന്ന് നിന്നെയാണോ പിടിച്ചത്, നിന്നെയാണോ കേറിപ്പിടിച്ചത് എന്നൊക്കെ ചോദിച്ചാണ് തടഞ്ഞത്. ഇതിനിടെ ജിബിൻ ചേട്ടൻ എന്റെ അടുത്തു വന്നപ്പോൾ അവർ വീണ്ടും തല്ലാൻ ശ്രമിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ച എന്റെ മുടിയിൽ പിടിച്ച് മതിലിലേക്ക് തള്ളിയിട്ടു. കൈകുത്തിയാണ് ഞാൻ വീണത്. ഭയന്നുപോയി’ – പൂജ പറഞ്ഞു.