Spread the love


മദ്യഷോപ്പുകളിലെ ക്യൂ: ഉടൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി


കൊച്ചി : ബവ്കോ മദ്യഷോപ്പുകൾക്കു മുന്നിൽ ഇപ്പോഴും ക്യൂ ഉണ്ടെന്നു ഹൈക്കോടതി. അധികൃതർ നടപടിയെടുക്കുമെന്നു കരുതി മിണ്ടാതിരിക്കുകയാണ്. എക്സൈസ് കമ്മിഷണർക്കും ബവ്കോ എംഡിക്കും നേരിട്ടു നിർദേശം നൽകിയ ഇക്കാര്യത്തിൽ വീഴ്ചയുണ്ടാകരുത്. 
ബവ്കോ ഷോപ്പുകൾക്കു മുന്നിലെ തിരക്കു നിയന്ത്രിക്കാൻ കോടതി ഇടപെട്ടതുകൊണ്ടാണു കോവിഡ് മൂന്നാം തരംഗം അകന്നു നിൽക്കുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മുൻപത്തെ പോലെ ക്യൂ തുടരാൻ അനുവദിച്ചിരുന്നെങ്കിൽ വൻദുരന്തം വിതയ്ക്കുന്ന ടൈംബോംബായി അതു മാറിയേനെ. കേരളത്തിൽ ഏറ്റവും വരുമാനം ഉണ്ടാക്കുന്ന സ്ഥാപനമാണു ബവ്കോ. എന്നാൽ പ്രവർത്തനത്തിൽ അതു പ്രതിഫലിക്കുന്നില്ല. വിഷയം അവസാനിപ്പിക്കാനാകില്ല.മാറ്റിസ്ഥാപിക്കേണ്ട ഔട്‌ലെറ്റുകളുടെ കാര്യത്തിൽ തീരുമാനം വൈകരുതെന്നു പറഞ്ഞ കോടതി, നടപടി അറിയിക്കാൻ നിർദേശിച്ചു.
ബവ്കോ ഔട്‌ലെറ്റുകളിലെ സൗകര്യം വർധിപ്പിക്കണമെന്ന മുൻഉത്തരവു നടപ്പാക്കിയില്ലെന്ന് ആരോപിച്ച് തൃശൂർ കുറുപ്പംറോഡിലെ മൈ ഹിന്ദുസ്ഥാൻ പെയിന്റ്സ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണു പരിഗണിക്കുന്നത്. സൗകര്യമില്ലാത്തതു കൊണ്ട് എക്സൈസ് കമ്മിഷണർ മാറ്റാൻ നിർദേശിച്ച 89 ബവ്കോ ഷോപ്പുകളിൽ 38 എണ്ണം മാറ്റേണ്ട കാര്യമില്ലെന്നു ബവ്കോ അറിയിച്ചു. എന്നാൽ ബവ്കോയ്ക്ക് അതു പാലിക്കാൻ ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു.എന്നാൽ,മാറ്റിസ്ഥാപിക്കേണ്ട 89 ബവ്കോ ഷോപ്പുകളുടെ പട്ടികയിൽ പുനഃപരിശോധന ആവശ്യമാണെന്നു ബവ്കോ എംഡി സത്യവാങ്മൂലത്തിൽ അറിയിച്ചു. 27 എണ്ണം മാറ്റണം– 3 എണ്ണം മാറ്റി, ബാക്കി സൗകര്യമുള്ള സ്ഥലത്തേക്ക് ഉടൻ മാറ്റും. 24 എണ്ണം നിലവിലുള്ള സ്ഥലത്തു സൗകര്യങ്ങൾ കൂട്ടാനായില്ലെങ്കിൽ മാത്രം മാറ്റേണ്ടതാണ്.
ശേഷിക്കുന്ന 38 എണ്ണത്തിനു നിലവിലുള്ള സ്ഥലങ്ങളിൽ തുടരാൻ വേണ്ട സൗകര്യമുണ്ട്. പുതിയ ഔട്‌ലെറ്റ് എവിടെ തുടങ്ങാൻ ആലോചിച്ചാലും പരാതിയാണ്. ഓൺലൈൻ പേയ്മെന്റ് സൗകര്യമുൾപ്പെടെ തിരക്കു കുറയ്ക്കാനുള്ള  നടപടികൾ സ്വീകരിച്ചതായും ബെവ്കോ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു.

Leave a Reply