കണ്ണൂർ: റാഗിങ്ങിന്റെ പേരിൽകോളേജ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. കണ്ണൂർ നഹർ ആർട്സ് സയൻസ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ചെട്ടിക്കുളം സ്വദേശി അൻഷാദിനെയാണ് സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. മർദനമേറ്റ അൻഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്.
പെൺകുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയർ വിദ്യാർഥികൾ മർദിച്ചതെന്നാണ് പരിക്കേറ്റ അൻഷാദ് പറയുന്നത്. എന്തിനാണ് പെൺകുട്ടികളോട് സംസാരിക്കുന്നതെന്നായിരുന്നു സീനിയർ വിദ്യാർഥികളുടെ ചോദ്യം. മൊബൈൽ ഫോൺ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലൻസും പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചു. വിട്ടയച്ച ശേഷം വീണ്ടും സീനിയർ വിദ്യാർഥികൾ തിരിച്ചെത്തി ശൗചാലയത്തിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു.
തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അൻഷാദ് പറഞ്ഞു. ശൗചാലയത്തിൽനിലത്തിട്ടും മർദിച്ചു. ഇതോടെ വിദ്യാർഥി ബോധരഹിതനാവുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഇരുപതോളം സീനിയർ വിദ്യാർഥികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്മെന്റും പോലീസും അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവകലാശാലയും അറിയിച്ചു.