കോഴിക്കോട് മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സീനിയര്‍ പിജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. എല്ലുരോഗ വിഭാഗം പി ജി വിദ്യാർത്ഥികൾ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവർക്കെതിരെയാണ് കേസ്. റാഗിംഗ് ആക്റ്റിലെ സെക്ഷൻ 4 അനുസരിച്ചാണ് കേസെടുത്തത്. റാഗിംഗിനെ തുടർന്ന് ഓര്‍ത്തോ വിഭാഗം പി ജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയ് പഠനം അവസാനിപ്പിക്കുകയായിരുന്നു. ജിതിന്‍റെ പരാതിയെ തുടർന്ന് രണ്ട് സീനിയർ വിദ്യാർത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്‍റ് ചെയ്തു.ജിതിന്‍റെ പരാതിയിൽ ആന്‍റി റാഗിംഗ് സമിതി അന്വേഷണം നടത്തുകയും രണ്ട് സീനിയർ വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഓര്‍ത്തോ പി ജി വിഭാഗത്തില്‍ പ്രവേശനം നേടിയത് മുതല്‍ തനിക്ക് ഇതേ വിഭാഗത്തില്‍ തന്നെയുളള സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിടേണ്ടി വന്നതായി കൊല്ലം സ്വദേശിയായ ജിതിന്‍ ജോയി പറയുന്നു. രാത്രി ഉറങ്ങാൻ അനുവദിക്കാതെ വാർഡിൽ അധിക സമയം ജോലി ചെയ്യിപ്പിച്ചു. പീഡനം സഹിക്കവയ്യാതായതോടെയാണ് പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.