Spread the love

തിരുവനന്തപുരം∙ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിലേക്കു മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11നാണ് മാർച്ച്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും വ്യാജമായ കുറ്റങ്ങൾ ചുമത്തി കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. മാർച്ച് സംഘർഷഭരിതമാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയൊരുക്കാനാണ് പൊലീസിന്റെ നീക്കം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാണ് യൂത്ത് കോൺഗ്രസ് നീക്കം. രാഹുലിനെ റിമാൻഡ് ചെയ്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കു രൂപം നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി പറഞ്ഞു. ഇന്നു രാവിലെ 11ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നു വൈകിട്ട് 6ന് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും ‘സമരജ്വാല’ എന്ന പേരിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് അബിൻ വർക്കി അറിയിച്ചു. യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാകും പ്രധിഷേധം.

അതേസമയം, രാഹുലിനു ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും അവസാന തീരുമാനം എടുക്കുക. ജില്ലാ കോടതിയെ സമീപിക്കുന്നതിനു പകരം ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞ മാസം 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ നാലാം പ്രതിയാണ് രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒന്നാം പ്രതിയായ കേസിൽ രാഹുലിനെ തികച്ചും അപ്രതീക്ഷിതമായാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.

Leave a Reply