വിവാദങ്ങൾക്ക് കാരണമായ കേരള സ്റ്റോറി 2 എന്ന ചിത്രത്തിനെതിരെ മലയാളികൾക്കിടയിൽ വലിയ തരത്തിൽ വിമർശങ്ങൾ ശക്തമാവുകയാണ്. ട്രെയിലറിലെ ഒരു പ്രത്യേകരംഗത്തിന് മലയാളികളുടെ കയ്യിൽനിന്ന് ചിത്രം കണക്കിന് വാങ്ങിക്കൂട്ടുന്നത്. മലയാളിയായ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണിത്. ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ് എന്നാണ് ഈ രംഗത്തിലെ കഥാപാത്രത്തിന്റെ ഡയലോഗ്. എന്നാൽ ആദ്യ ഭാഗം പോലെ തന്നെ ചിത്രത്തിന്റെ പാർട്ട് 2വിലും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയാണെന്ന രീതിയിലുള്ള ചർച്ചകൾ സജീവമായതോടെ സോഷ്യൽ മീഡിയയിലൂടെ വൻ പരിഹാസവും ട്രോളുമാണ് മലയാളികൾ ചിത്രത്തിനെതിരെ തൊടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വറും.
ഹിന്ദു പെണ്ണിനെ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിങ്ങൾ” – ഞാൻ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോർത്ത് ഈസ്റ്റിൽ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും. kerala story 2 ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികൾ. ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ. നമ്മൾ നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, Cheap & Vulgar Propaganda യുമായി കേരളം സ്റ്റോറി 2.. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിൽ. രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത്. കേരളം, ഭാരതം അഭിമാനം എന്നാണ് വിഷയത്തിൽ പ്രതികരിച്ച് രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം ‘പൊറോട്ട ഇല്ലാതെ എങ്ങനെയാണ് ബീഫ് കഴിക്കുക?’, ‘ഇവിടെ ആളുകൾക്ക് കഴിക്കാൻ തികയുന്നില്ല’, ‘ഈ പടം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തണം’, ‘ഇന്ത്യയിൽ രണ്ട് കേരളമുണ്ടോ എന്ന് സംശയം തോന്നുന്നു’, ‘ ഞങ്ങൾ മലയാളികളാരും വീട്ടിൽ ഹിന്ദി സംസാരിക്കാറില്ല’, ‘ബീഫ് കറിയുടെ കൂടെ പൊറോട്ടയോ പഴംപൊരിയോ കൂടി കഴിക്കണം’, ‘ ഇതെഴുതിയവർ കേരളം കണ്ടിട്ടില്ലെന്ന് ഉറപ്പായി’ എന്നെല്ലാമാണ് മലയാളികളുടെ പ്രതികരണങ്ങൾ.








