Spread the love

ഷാരോൺ വധക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച ജഡ്ജിന് പാലഭിഷേകം നടത്താനെത്തിയ മെൻസ് അസോസിയേഷനെ തടഞ്ഞതിൽ പ്രതികരിച്ച് സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ. ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ മെൻസ് അസോസിയേഷൻ പ്രതിനിധികളും രാ​ഹുൽ ഈശ്വറും എത്തിയിരുന്നു. എന്നാൽ ഇത് പൊലീസ് തടഞ്ഞതോടെ പൊലീസിനെ വിമർശിച്ച് രം​ഗത്തെത്തുകയായിരുന്നു രാഹുൽ. കോലം കത്തിക്കാൻ വേണ്ടിയല്ല ഇവിടെ ഒത്തുകൂടിയതെന്നും ബഹുമാനപ്പെട്ട ഒരു ജ‍ഡ്ജിക്ക് പാലഭിഷേകം ചെയ്യുന്നത് തടഞ്ഞതിന്റെ ലോജിക് മനസിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു. ഇവിടെ നിന്ന് കട്ടൗട്ടും പാലും എടുത്തുകൊണ്ടുപോകാൻ പൊലീസുകാർ കാണിച്ച ആർജ്ജവം, നിവിൻ പോളിക്കെതിരെ വ്യാജ പരാതി നൽകിയ യുവതിക്കെതിരെ കേസെടുക്കാൻ കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ നാട്ടിൽ പുരുഷ കമ്മീഷന്റെ ആവശ്യകത ഉയർന്നുവരികയാണെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

ഒരു ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിന് എന്ത് അനീതിയാണ് ഇവർ കാണുന്നത്? ഷാരോൺ ​ഗ്രീഷ്മയെയാണ് കൊന്നതെങ്കിൽ, ഇതിന് ശേഷം ഷാരോണിനെ ന്യായീകരിച്ച് സംസാരിച്ചാൽ ജയിലിലിടില്ലേ.. എന്നാൽ ഹൈക്കോടതി മുൻ ജഡ്ജിയായ കെമാൽ പാഷ ഈ വിഷയത്തിൽ ​ഗ്രീഷ്മയെ ന്യായീകരിച്ച് സംസാരിക്കുകയാണ് ചെയ്തത്. ​ഗത്യന്തരമില്ലാതെ ​ഷാരോണിനെ കൊന്നതാണ് ​ഗ്രീഷ്മ. ഷാരോൺ പുണ്യാളനൊന്നുമല്ലല്ലോ? എന്തിനാണ് ​ഗ്രീഷ്മയുടെ വീട്ടിലേക്ക് ഷാരോൺ പോയത്? എന്നുതുടങ്ങിയ ചോദ്യങ്ങളുന്നയിച്ച്, മരിച്ചുപോയ ഒരാളെ അപമാനിക്കുകയാണ് ജസ്റ്റിസ് കെമാൽ പാഷ ചെയ്തത്. എന്നിട്ട് എത്ര പേർ പ്രതിഷേധിച്ചു. ഈ കേസിലെങ്കിലും ​ഗ്രീഷ്മ വേട്ടക്കാരിയും ഷാരോൺ ഇരയുമാണെന്ന് സമ്മതിക്കുമോ? ടിവിയിൽ ചിലർ സംസാരിക്കുന്നത് കേട്ടാൽ ഷാരോൺ വേട്ടക്കാരനാണെന്ന് തോന്നും. ​ഗ്രീഷ്മയ്‌ക്ക് പറ്റിപ്പോയി, മറ്റ് മാർ​ഗങ്ങളില്ലായിരുന്നു എന്നെല്ലാമാണ് പറയുന്നത്. പൊലീസുകാർ ഒരുകാര്യം ചിന്തിക്കേണ്ടത്, നാളെ നിങ്ങളുടെ നേർക്ക് ആരെങ്കിലും കള്ളക്കേസ് കൊടുത്താൽ ഞങ്ങളെ പോലെ കുറച്ചുപേർ മാത്രമേ കൂടെയുണ്ടാകൂ.. ​- രാഹുൽ ഈശ്വർ പറഞ്ഞു.

Leave a Reply