Spread the love

ന്യൂഡല്‍ഹി: ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതിയിലേക്ക് തിരിച്ചെത്താനൊരുങ്ങി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹി തുഗ്ലക് ലെയ്‌നിലുള്ള വസതി രാഹുലിന് അനുവദിച്ചുകൊണ്ട് ലോക്‌സഭാ ഹൗസ്‌ കമ്മിറ്റി ഉത്തരവിറക്കി.

‘മുഴുവന്‍ ഇന്ത്യയും എന്റെ വീടാണ്‌’ എന്നായിരുന്നു ഔദ്യോഗിക വസതി മടക്കിക്കിട്ടിയതിനേക്കുറിച്ചുള്ള രാഹുലിന്റെ പ്രതികരണം.
മോദി പരാമര്‍ശത്തിലുള്ള അപകീര്‍ത്തി കേസ് നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ഏപ്രിലിലായിരുന്നു രാഹുലിന് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കേണ്ടിവന്നത്.

ഇന്ത്യയിലെ ജനങ്ങളാണ് തനിക്ക് വീട് നല്‍കിയതെന്നായിരുന്നു അന്ന് രാഹുലിന്റെ പ്രതികരണം. സത്യത്തിന് വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നതെന്നും അതെത്ര ഭീമമാണെങ്കിലും താന്‍ സത്യത്തിനൊപ്പമേ നിലകൊള്ളൂ എന്നും വീടൊഴിഞ്ഞ ശേഷം രാഹുല്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് അമ്മ സോണിയാഗാന്ധിയുടെ പത്ത് ജന്‍പഥിലെ വീട്ടിലായിരുന്നു രാഹുലിന്റെ താമസം.

അതിനിടെ, ഓഗസ്റ്റ് 13-ന് രാഹുല്‍ വയനാട്ടിലെത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. എം.പി. സ്ഥാനം തിരികെ ലഭിച്ച ശേഷം തന്റെ മണ്ഡലമായ വയനാട്ടിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

Leave a Reply