ന്യൂഡൽഹി : ലോക മൃഗദിനത്തിൽ, അമ്മ സോണിയ ഗാന്ധിക്ക് സർപ്രൈസ് ഗിഫ്റ്റുമായി േകാൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നൂറി എന്നു പേരിട്ടിരിക്കുന്ന ജാക്ക് റസൽ ടെറിയർ ഇനത്തിൽപെട്ട നായ്കുട്ടിയെ ആണ് സോണിയയ്ക്ക് രാഹുൽ സമ്മാനിച്ചത്. തന്റെ യുട്യൂബ് ചാനലിലൂടെ ഇതിന്റെ വിഡിയോ രാഹുൽ ഗാന്ധി പങ്കുവച്ചു. നോർത്ത് ഗോവയിൽ ശിവാനി പിത്രെയയും ഭർത്താവ് സ്റ്റാൻലി ബ്രഗാൻകയും നടത്തുന്ന മപുസയിലെ കെന്നലിൽ നിന്നാണ് നായ്ക്കുട്ടിയെ സ്വന്തമാക്കിയത്.
ഇതേ ഇനത്തിൽപെട്ട ഒരു നായ്ക്കുട്ടിയെ രാഹുൽ നേരത്തേ സ്വന്തമാക്കിയിരുന്നു. സന്ദർശനം നടത്തിയ രാഹുൽ രണ്ടു നായ്ക്കുട്ടികളെ തിരഞ്ഞെടുത്തു. വിമാനത്തിൽ ഒരു വ്യക്തിക്കൊപ്പം ഒരു നായയെ മാത്രമേ അനുവദിക്കൂ എന്നതിനാൽ ഇവയിൽ ഒന്നിനെ മാത്രമാണ് രാഹുൽ അന്ന് തന്റെ ഒപ്പം കൊണ്ടുപോയത്. രണ്ടാമത്തേതിനെ അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്നും ദമ്പതികൾ പറഞ്ഞിരുന്നു. ആ നായ്ക്കുട്ടിയെയാണ് സോണിയയ്ക്ക് സമ്മാനിച്ചതെന്നാണ് വിവരം.