Spread the love

പട്ന∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കുചേർന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിഹാറിലെ സസാറാമിൽ വച്ചാണ് തേജസ്വി രാഹുലിനൊപ്പം ചേർന്നത്. ബിഹാറിലെ യാത്ര ഏതാണ്ട് അവസാനഘട്ടത്തിലാണ്. ഇന്ന് വൈകിട്ടോടെ യാത്ര ഉത്തർ പ്രദേശിൽ പ്രവേശിക്കും.

സസാറാമിൽ രാഹുൽ ഗാന്ധിയെ മുൻസീറ്റിലിരുത്തി ജീപ്പുമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ തേജസ്വി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. എക്സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടിലാണ് തേജസ്വി ചുവന്ന ജീപ്പിൽ രാഹുലുമൊത്ത് പോകുന്ന ചിത്രങ്ങൾ പങ്കുവച്ചത്. കൈമുറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തേജസ്വി രാഹുലുമൊത്ത് വേദിയും പങ്കിടും. ഇന്ത്യ മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ പാളയത്തിലേക്ക് ചേക്കേറിയതിനു ശേഷം ആദ്യമായാണ് ആർജെഡി നേതാവ് തേജസ്വി രാഹുലുമൊത്ത് വേദി പങ്കിടുന്നത്.

ഇന്ന് വൈകിട്ടോടെ യാത്ര ബിഹാറിൽനിന്ന് ഉത്തർപ്രദേശിലെ ചന്ദൗലിയിലേക്ക് കടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, രാഹുൽ 2019 ൽ പരാജയപ്പെട്ട അമേഠി, സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ റായ്ബറേലി, തലസ്ഥാനമായ ലക്നൗ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 21നു മധ്യപ്രദേശിലേക്കു കടക്കും.

Leave a Reply