Spread the love

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിര്‍ത്തിപ്പൊരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ സംഘര്‍ഷം ആവര്‍ത്തിച്ചും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും കര്‍ഷക, നീറ്റ്, അഗ്നിപഥ് വിഷയങ്ങള്‍ ഉയര്‍ത്തിയുമായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രസംഗത്തില്‍ സഭ പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഉള്‍പ്പെടെയുള്ള ഭരണപക്ഷ നേതാക്കള്‍ നിരന്തരം ഇടപെട്ട് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. രാഹുലിന്റെ പ്രസംഗം പുരോഗമിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്ത സാഹചര്യവുമുണ്ടായി.

ഭരണഘടനയെ സംരക്ഷിക്കേണ്ടവര്‍ അതിനെ തകര്‍ക്കുകയാണെന്ന ആരോപണവുമായായിരുന്നു രാഹുല്‍ തുടങ്ങിയത്. പരമശിവന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് ഹിന്ദുക്കളുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുകയും ആക്രമണങ്ങള്‍ നടത്തുകയുമാണ്. ബി.ജെ.പി വെറുപ്പും അക്രമവുമാണു പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നമ്മള്‍ നിലകൊള്ളുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഭരണഘടനയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നു. ബി.ജെ.പി അംഗങ്ങളള്‍ ഭരണഘടനയെ കുറിച്ചു പറയുന്നതില്‍ സന്തോഷം. ഇന്ത്യയില്‍ ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു. മുസ്‌ലിംകളും സിഖുകാരും ക്രിസ്ത്യാനികളുമെല്ലാം ആക്രമണത്തിനിരയാകുന്നു. ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു. ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ജനങ്ങള്‍ എതിര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു.

അയോധ്യയില്‍ മത്സരിക്കാന്‍ മോദി നീക്കംനടത്തിയിരുന്നുവെന്ന ആരോപണവും രാഹുല്‍ ഉയര്‍ത്തി. ഇതിനായി സര്‍വേ നടത്തുകയും ചെയ്തു. എന്നാല്‍, മത്സരിക്കരുതെന്നായിരുന്നു സര്‍വേക്കാരുടെ ഉപദേശം. അയോധ്യക്കാരുടെ മനസില്‍ മോദിയെ ഭയമാണ്. അയോധ്യ ബി.ജെ.പിക്ക് കൃത്യമായ സന്ദേശം നല്‍കി. ആ സന്ദേശമാണ് തനിക്ക് അരികില്‍ ഇരിക്കുന്നതെന്നും എസ്.പിയുടെ അവധേശ് പ്രസാദിന്റെ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.

മണിപ്പൂര്‍ സംഘര്‍ഷവും രാഹുല്‍ വീണ്ടും ഉയര്‍ത്തി. മണിപ്പൂരില്‍ നിരന്തരം ആക്രമണം നടന്നിട്ടും മോദി അവിടെ പോയില്ല. ബി.ജെ.പി മണിപ്പൂരിലെ ആഭ്യന്തര യുദ്ധത്തിലേക്കു തള്ളിയിട്ടു. മോദിക്കും അമിത് ഷായ്ക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. സംസ്ഥാനം പോലുമല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അഗ്‌നിവീറുകളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ്. അഗ്‌നിവീര്‍ സേനയുടെ പദ്ധതിയല്ല, പ്രധാനമന്ത്രിയുടെ പദ്ധതിയാണ്. പദ്ധതിയുടെ പേരില്‍ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കി.

നീറ്റില്‍ വലിയ അഴിമതി നടക്കുന്നു. സമ്പന്നരുടെ മക്കള്‍ക്ക് മാത്രം പഠിക്കാന്‍ പറ്റുന്ന അവസ്ഥയായി മാറി. പ്രൊഫഷണല്‍ പരീക്ഷയായ നീറ്റിനെ വാണിജ്യ പരീക്ഷയാക്കി. യോഗ്യതയുടെ അടിസ്ഥാനത്തിലല്ല പരീക്ഷകള്‍ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുള്ള വിശ്വാസം നഷ്ടപ്പെട്ടു. കഴിഞ്ഞ ഏവ് വര്‍ഷത്തുനുള്ളില്‍ 70 പരീക്ഷകളുടെ ചോദ്യം ചോര്‍ന്നു.

700 കര്‍ഷകര്‍ രക്തസാക്ഷികളായി. താങ്ങുവില കര്‍ഷകര്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്നില്ല. പ്രതിഷേധിച്ച കര്‍ഷകരെ തീവ്രവാദികളായി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നു പറഞ്ഞത് മോദിയാണ്. ദൈവം നേരത്തെ സന്ദേശം നല്‍കിയപ്പോള്‍ മോദി നോട്ടുനിരോധനം നടപ്പാക്കിയെന്നും രാഹുല്‍ പരിഹസിച്ചു.

Leave a Reply