നയിക്കാൻ രാഹുൽ ;ഒപ്പം പ്രശാന്ത് കിഷോറും. പ്രതിച്ഛായ മാറ്റാനൊരുങ്ങി കോൺഗ്രസ്
ന്യൂഡൽഹി : അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തന്നെ പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടാനും സംഘടനാതലത്തിൽ വൻ അഴിച്ചുപണി നടത്താനും തീരുമാനിച്ച് കോൺഗ്രസ് .രാഹുലിനെ മുന്നിൽ നിർത്തിയുള്ള പോരാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.2024 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളിൽ പ്രിയങ്ക ഗാന്ധിയും സജീവ പങ്കു വഹിക്കും.തെരഞ്ഞെടുപ്പിനെ നേരിടാൻ ദീർഘവീക്ഷണമുള്ള കർമപദ്ധതി അനിവാര്യമാണെന്ന് വിലയിരുത്തിയാണ്,ഈ നിലക്കുള്ള പ്രവർത്തനങ്ങൾക്കും കൂടിയാലോചനകൾക്കും കോൺഗ്രസ് തുടക്കമിട്ടത്.തെരഞ്ഞെടുപ്പിന് മുൻപ് അടിമുടി മാറി,പുതിയ രൂപത്തിൽ പാർട്ടിയെയും രാഹുലിനെയും അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും ഒപ്പം കൂട്ടാനുള്ള ചർച്ചകൾ കോൺഗ്രസ്സിൽ ആരംഭിച്ചു കഴിഞ്ഞു. രാഹുൽ,പ്രിയങ്ക, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എന്നിവരുമായി കഴിഞ്ഞദിവസം പ്രശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പ്രശാന്തമായി കൈകോർക്കുന്നത് പരിഗണനയിലാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.നിലവിലെ ദേശീയ രാഷ്ട്രീയ തെരഞ്ഞെടുപ്പ് ജയിക്കാൻ പാർട്ടിക്ക് മുഖ്യമായി വേണ്ടത് ‘ മാസ് ലീഡർ ‘ഇമേജ് ഉള്ള നേതാവാണെന്നാണ് പ്രശാന്തിന്റെ വാദം.ബംഗാളിൽ മമതാ ബാനർജിയെയും തമിഴ്നാട്ടിൽ എം. കെ.സ്റ്റാലിനെയും ഉയർത്തിക്കാട്ടിയാണ് അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രശാന്ത് ചുക്കാൻ പിടിച്ചത്.അതേ രീതിയിൽ രാഹുലിന്റെ പ്രതിച്ഛായയിലും മാറ്റം വേണം.കോൺഗ്രസ് നിരയിൽ ഏറ്റവും ജനകീയനായ നേതാവ് രാഹുൽ ആണെങ്കിലും മോദിയെ കടത്തിവെട്ടാൻ കരുത്തുള്ളയാൾ എന്ന നിലയിൽ രാഹുലിനെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിന് മുന്നേറാൻ സാധിക്കൂവെന്നാണ് പ്രശാന്തിന്റെ വാദം.