തിരുവനന്തപുരം: അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യത. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റും ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത നാല് ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്. മലയോര മേഖലകളിൽ ഉരുൾപ്പൊട്ടലിനും സാദ്ധ്യതയുണ്ട്.
കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതേസമയം, കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ അതിതീവ്ര മഴയ്ക്ക് ശമനമുണ്ടായി. ഈരാട്ടുപേട്ട – വാഗമൺ റോഡിൽ ഗതാഗതം സാധാരണ നിലയിലായി.