തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളത്ത് നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ ഇന്നലെ വൈകീട്ടോടെ വിവിധയിടങ്ങളിൽ കാറ്റോടുകൂടെയുള്ള ശക്തമായ മഴ വർഷിച്ചിരുന്നു. പലയിടങ്ങളിലും കൃഷി നാശവും റിപ്പോർട്ട് ചെയ്തിരുന്നു. പെരിന്തൽമണ്ണയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതകാലുകളും, മരങ്ങളും തകർന്നു വീണിരുന്നു.
അതേസമയം പല ജില്ലകളിലും കനത്ത ചൂട് തുടരുകയാണ്. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ ഇന്നും കനത്ത ചൂടുണ്ടാകും. മലമ്പുഴ ഡാം, കൊല്ലെങ്കോട്, മംഗലം ഡാം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം 39 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില അനുഭവപ്പെട്ടത്.