തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ
ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
തെക്ക് കിഴക്കൻ മദ്ധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴിയുടെ ശക്തി കൂടിയതിനാലാണ് മഴ ലഭിക്കുന്നത്. എന്നാൽ അതിതീവ്രമഴ സാദ്ധ്യതയില്ല. മദ്ധ്യ വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മഴയോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
കേരള തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. തീരപ്രദേശത്ത് ഉയർന്ന തിരമാലയും കടലാക്രമണ സാദ്ധ്യതയുമുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ തീരദേശവാസികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.