തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി ,എറണാകുളം, തൃശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തേക്ക് കൂടി മഴ തുടരും.
കടലാക്രമണത്തിനും സാധ്യതയുണ്ട്. 1.9 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകും. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. തെക്കൻ തമിഴ് നാടിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കൊച്ചിയിലും തിരുവനന്തപുരത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി എംജി റോഡിലും കലൂരിലും രാത്രിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പത്തനംതിട്ട റാന്നിയില്‍ റോഡിലും വീടുകളിലും വെള്ളംകയറി. മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.