രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് പിന്മാറി നടന്‍ രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്മാറ്റം. തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ട്വിറ്ററില്‍ കൂടി അറിയിച്ചു. വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും ദുഃഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് മൂന്ന് പേജുള്ള ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.
പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താരം അറിയിക്കുന്നത്. ഈ മാസം 31 ന് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ രജനീകാന്ത് പറഞ്ഞത്.
അണ്ണാത്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ, രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ചികിത്സ തേടിയ രജനികാന്ത് കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. ഒരാഴ്ചത്തെ വിശ്രമവും കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധയും വേണമെന്നാണ് ഡോക്ടര്‍മാര്‍ രജനികാന്തിന് നല്‍കിയ ഉപദേശം. ഇത് കണക്കിലെടുത്താണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ രജനികാന്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനികാന്തിന്റെ തീരുമാനം വരാന്‍ വൈകിയിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് രജനികാന്ത് വ്യക്തമാക്കിയത്.