Spread the love

11 വർഷത്തെ ഇടവേളയ്ക്കു ശേഷം ആശിർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒരുമിച്ച് നിർമിക്കുന്ന സിനിമയിലൂടെ മലയാളത്തിന്റെ ഇതിഹാസതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്. ഇത്തരത്തിൽ തമിഴിലും 33 വർഷങ്ങൾക്കു ശേഷം എപ്പിക് കോംബോ ആവർത്തിക്കാൻ പോകുന്നു എന്ന വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. പറഞ്ഞുവരുന്നത് ഹിറ്റ് ഡയറക്ടർ മണിരത്നത്തെക്കുറിച്ചും സൂപ്പർസ്റ്റാർ രജനീകാന്തിനെ കുറിച്ചുമാണ്. രജനികാന്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ഇരുവരും വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

1991 ൽ പുറത്തിറങ്ങിയ ദളപതിയായിരുന്നു ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം. മഹാഭാരതത്തിലെ കർണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. മമ്മൂട്ടിയും സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇരുവർക്കും പുറമെ അംരീഷ് പുരി, ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനുപ്രിയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ഇളയരാജയായിരുന്നു സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ദളപതി.

Leave a Reply