സ്റ്റൈല്‍ മന്നല്‍ രജനികാന്ത് നായകനാകുന്ന വേട്ടയ്യന്‍ ഒക്ടോബര്‍ 10ന് തീയേറ്ററുകളില്‍ എത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന വമ്പന്‍ താരനിരയുള്ള ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും വേട്ടയ്യന്‍. റിട്ട. പൊലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. രജനികാന്തിന്റെ 170-ാം ചിത്രമാണ് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ‘വേട്ടയ്യന്‍’.
അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രാഹകന്‍ എസ്ആര്‍ കതിര്‍, എഡിറ്റര്‍ ഫിലോമിന്‍ രാജ്. 32 വര്‍ഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്. 1991-ല്‍ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. വേട്ടയ്യന് ശേഷം കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുക. ചിത്രം അടുത്തവര്‍ഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.