രജനീകാന്തിന്‍റെ ‘അണ്ണാത്തെ’ ദീപാവലി റിലീസ് തന്നെ
സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ അണ്ണാത്തെ ദീപാവലിക്ക് തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായി.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ്
ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നവംബർ നാലിന് തിയറ്ററുകളിലായിരിക്കും ചിത്രം
റിലീസ് ചെയ്യുക.
കഴിഞ്ഞ വർഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ്
പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. ചിത്രം ഓടിടിയിൽ റിലീസ് ചെയ്യുമോ എന്ന
അഭ്യൂഹങ്ങൾക്കിടെയാണ് ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട്
റിലീസ് തീയതി പ്രഖ്യാപിച്ചത്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടൻ പുറത്ത് വിട്ടേക്കും. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന
ചിത്രത്തിൽ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രം.
സിരുത്തൈ ശിവ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. മീന, നയൻതാര,
കീർത്തി സുരേഷ്, ഖുശ്ബു, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു.