Spread the love

സിനിമകൾക്ക് വേണ്ടി ബോഡി ട്രാൻസ്ഫർമേഷൻ നടത്തുന്ന ഒത്തിരി അഭിനേതാക്കൾ ഉണ്ട് ഇപ്പോൾ മലയാള സിനിമയിൽ. ഈയടുത്ത് നടൻ നിവിൻ പോളി നടത്തിയ തിരിച്ചുവരവും ആടുജീവിതത്തിന് പൃഥ്വിരാജ് നടത്തിയ രൂപ വ്യത്യാസവുമെല്ലാം അർഹിക്കുന്ന പ്രോത്സാഹനത്തോടെ കയ്യടിച്ചു പാസാക്കിയവരാണ് മലയാളികൾ. ഏറ്റവും ഒടുവിലിതാ ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാനയ്ക്കായി മലയാളികളുടെ പ്രിയപ്പെട്ട നടി രജിഷാ വിജയൻ നടത്തിയ അത്ഭുതകരമായ രൂപ മാറ്റമാണ് ചർച്ചയാകുന്നത്. ചിത്രത്തിനായി 15 കിലോയാണ് താരം കുറച്ചത്.

ആറുമാസം കൊണ്ട് 15 കിലോയോളം കുറച്ച താരത്തിന്റെ വർക്ക് ഔട്ട് ജേർണി ഒട്ടും എളുപ്പമായിരുന്നില്ല എന്നും ഏറെ പ്രതിബദ്ധങ്ങൾ നിലനിന്നപ്പോഴും തന്റെ അർപ്പണമനോഭാവം കൊണ്ട് താരം എല്ലാം മറികടക്കുകയായിരുന്നുവെന്നും പേഴ്സണൽ ട്രെയിനർ ഷിഫാസ് അലി. രജിഷാ വിജയന്റെ അത്ഭുതകരമായ മേക് ഓവർ ഫോട്ടോസ് ഷിഫാസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്.

സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷമാണ് രജിഷ തന്നെ സമീപിച്ചതെന്നും തന്റെയടുക്കലെത്തുമ്പോൾ രജിഷയ്ക്ക് കാലിന്റെ ലി​ഗമെന്റിൽ രണ്ട് പരിക്കുകളുണ്ടായിരുന്നുവെന്നും അലി ഷിഫാസ് പറയുന്നു. എന്നാൽ വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി ഈ യാത്രയിലൂടെ കടന്നുപോകാൻ അവർ ദൃഢനിശ്ചയമെടുത്തിരുന്നു. 6 മാസത്തിനുള്ളിൽ, അവർ ആകെ 15 കിലോ കുറച്ചു. ക്രാഷ് ഡയറ്റുകളും മറ്റും നടത്തിയിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശരിയായ സമീകൃതാഹാരത്തിലൂടെയും പേശികളുടെ നഷ്ടമില്ലാതെയും കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഇക്കാലയളവിൽ നിരവധി പരിക്കുകൾ പറ്റിയെങ്കിലും അവർ ഒരിക്കലും തളർന്നില്ലെന്നും അലി ഷിഫാസ് കൂട്ടിച്ചേർത്തു.

അതേസമയം തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള കോച്ചിന്റെ നല്ല വാക്കുകൾക്ക് മറുപടിയുമായി രജിഷ വിജയനും രംഗത്തെത്തി. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകില്ല എന്നായിരുന്നു രജിസ്റ്റർ വിജയന്റെ മറുപടി.

Leave a Reply