റാന്നി∙ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അതുൽ സത്യൻ പിടിയിൽ. റാന്നി പുതുശേരി മനയിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നാണ് പൊലീസ് സംഘം അതുലിനെ കസ്റ്റഡിയിലെടുത്തത്. കീക്കൊഴൂർ പുള്ളിക്കാട്ടിൽപടി മലർവാടി ജംക്‌ഷനു സമീപം ഇരട്ടത്തലപനയ്ക്കൽ രജിതമോൾ (27) ആണ് വെട്ടേറ്റു മരിച്ചത്.
അഞ്ച് വർഷത്തോളം അതുലിനൊപ്പം ഒരുമിച്ചു താമസിച്ചിരുന്ന രജിത, അടുത്തിടെയായി പിണങ്ങി സ്വന്തം വീട്ടിലാണു താമസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ആക്രമണത്തിനു കാരണമെന്നാണു വിവരം
ആക്രമണം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു ഗുരുതര പരുക്കുകളുമായി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രജിതമോളുടെ പിതാവ് വി.എ.രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവർക്കാണു വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ രജിതയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
രജിതയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിൽ അതുലിനും സാരമായ പരുക്കേറ്റിട്ടുണ്ട്. പുതുശേരി മനയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ആംബുലൻസിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരുക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാകും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ തീരുമാനമെടുക്കുക.
അഞ്ച് വർഷത്തോളമായി അതുലിനൊപ്പം കഴിയുകയായിരുന്നു രജിതയെന്നാണ് വിവരം. ഇവർ അതുലിന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്നു. രജിതയുടെ ഭർത്താവ് ഗൾഫിലേക്കു പോയ സമയത്താണ് അതുലിനൊപ്പം താമസം തുടങ്ങിയത്. അടുത്തിടെ ജോലിക്കായി രജിത വിദേശത്തേക്കു പോയിരുന്നു. എന്നാൽ അതുലിന്റെ നിർബന്ധത്തെ തുടർന്ന് ആറു മാസത്തിനുശേഷം തിരികെ പോന്നു.