തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി കാണുന്ന മണത്തക്കാളി കരൾ അർബുദത്തിനെ നേരിടാൻ ഫലപ്രദമെന്ന് കണ്ടെത്തൽ. മണത്തക്കാളി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ഗവേഷണ ഫലം. ആർ ജി സി ബിയിലെ ഡോ.റൂബി, ഡോ.ലക്ഷ്മി എന്നിവരാണ് സോലാനം നിഗ്രം എന്ന ശാസ്ത്രീയ നാമമുള്ള മണത്തക്കാളിയുടെ ഇലകളില്‍ നിന്ന് ഉട്രോസൈഡ്-ബി എന്ന ഘടകം വേർതിരിച്ചെടുത്തത്. ഇതിന് അമേരിക്കയുടെ എഫ് ഡി എയില്‍ നിന്ന് ഓര്‍ഫന്‍ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. അര്‍ബുദം ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളുടെ ചികിത്സയില്‍ ഈ ഗവേഷണം വഴിത്തിരിവാകുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ പറഞ്ഞു. കരള്‍ അര്‍ബുദ ചികിത്സയ്ക്ക് എഫ് ഡിഎ അംഗീകാരമുള്ള ഒരു മരുന്ന് മാത്രമേ നിലവിലുള്ളൂ. നിലവില്‍ ലഭ്യമായ മരുന്നിനേക്കാള്‍ ഫലപ്രദമാണ് ഡോ.റൂബിയുടെ ടീം വികസിപ്പിച്ച സംയുക്തം. കരളിലെ കൊഴുപ്പ് രോഗം ചികിത്സിക്കുന്നതിന് ഈ സംയുക്തം ഫലപ്രദമാണെന്ന് ടോക്സിസിറ്റി പരിശോധനയില്‍ തെളിഞ്ഞു. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിന്‍ ഫോസ്ഫേറ്റ് ഉട്രോസൈഡ്-ബിയുമായി സംയോജിപ്പിച്ച് ഉപയോഗിച്ചാല്‍ കരള്‍ അര്‍ബുദത്തിനെതിരെ യുടിടി-ബിയുടെ ചികിത്സാ ഫലപ്രാപ്തി വളരെയധികം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ഡോ.റൂബിയുടെ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.