മൈഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ, പൊന്‍മുട്ടയിടുന്ന താറാവ്, മേലേപറമ്ബില്‍ ആണ്‍വീട് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായിരുന്ന രഘുനാഥ് പലേരി നീണ്ട ഇടവേളയ്ക്ക് ശേഷം തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക്-ഫാമിലി ഇനത്തില്‍ പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നാണ് സൂചന.
പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായും, ഷാനവാസ് കെ ബാവക്കുട്ടിക്ക് കൈമാറിയതായും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രഘുനാഥ് പാലേരി അറിയിച്ചത്. ‘ഒരു കഥ മനസില്‍ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നല്‍കി. രുഗ്മാംഗദന്റെയും പാരിജാതമെന്ന വനജയുടെയും അവര്‍ക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാുംഗുലിയുടെയും മാത്തച്ചന്റെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛന്റെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നല്‍കി പ്രണയം പുഷ്പ്പിക്കുന്ന, അഛന്റെയും എല്ലാം ചേര്‍ന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോല്‍ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ’, അദ്ദേഹം കുറിച്ചു.
കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകളുടെ സംവിധായകനാണ് ഷാനവാസ് ബാവക്കുട്ടി. 2006ല്‍ പുറത്തിറങ്ങിയ മധുചന്ദ്രലേഖയാണ് രഘുനാഥ് പാലേരി ഒടുവില്‍ തിരക്കഥയെഴുതിയ മലയാള ചിത്രം.