‘തുടരും’ സിനിമയ്ക്ക് പ്രശംസകളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം ചിത്രങ്ങള്‍ തുടരണം എന്ന് പറഞ്ഞു കൊണ്ടുള്ള ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സൂപ്പര്‍താര പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തി. ജോര്‍ജ് സാറായി അഭിനയിച്ച പുതുമുഖ താരം പ്രകാശ് വര്‍മ്മയുടെത് ഇരുത്തം വന്ന പ്രകടനം എന്നിങ്ങനെയാണ് ചെന്നിത്തല കുറിച്ചിരിക്കുന്നത്
ചെന്നിത്തലയുടെ കുറിപ്പ്
തുടരും കണ്ടു. ഹരിപ്പാടുള്ള മോഹന്‍ലാല്‍ ആശിര്‍വാദ് സിനിപ്ലക്സ് തിയേറ്ററിലാണ് പോയത്. മനോഹരമായ സിനിമ. നമ്മള്‍ തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ആ സിനിമ പറയുന്നുണ്ട്. പണവും ജാതിയും മതവും ഒക്കെ മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കുന്ന മതിലുകളെക്കുറിച്ച്, അവരെ പലതായി തരം തിരിക്കുന്നതിനെക്കുറിച്ച്, ആ കള്ളികളില്‍ പെട്ട് ഈയാംപാറ്റകളെപ്പോലെ നഷ്ടമാകുന്ന മനുഷ്യരെക്കുറിച്ച്, അവരുടെ കഥ തുടരുമെന്നതിനെക്കുറിച്ച് ഈ സിനിമ പറയുന്നു
എല്ലാ സൂപ്പര്‍താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുബസദസുകളിലെ അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തുന്നുണ്ട്. ഇതില്‍. പ്രേക്ഷകര്‍ക്കു കണ്ടു മടുക്കാത്ത മോഹന്‍ലാല്‍ – ശോഭന ജോടി നിത്യഹരിതമായി നിറയുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലര്‍.
തുടക്കത്തില്‍ ലളിതമായും പിന്നെ ചുരങ്ങളിലൂടെയുള്ള ഒരു സാഹസിക കാര്‍ യാത്രപോലെയും സിനിമ പ്രേക്ഷകമനസുകളിലേക്കു പരിണമിക്കുകയാണ്. ജോര്‍ജ് സാറായി അഭിനയിച്ച പുതുമുഖ താരം പ്രകാശ് വര്‍മ്മയെക്കുറിച്ച് പറയാതെ ഈ ചിത്രത്തെക്കുറിച്ച് എഴുതി നിര്‍ത്താനാവില്ല. ഇരുത്തം വന്ന പ്രകടനം. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ് നിറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ തുടരണം….