Spread the love

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വീഡിയോ വൈറലായിരുന്നു. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.

എന്നാല്‍ ആസിഫ് അലി പുരസ്കാരം നല്‍കിയപ്പോള്‍ അദ്ദേഹത്തെ ഒന്നു നോക്കുകയോ ഹസ്താദാനം ചെയ്യുകയോ ചെയ്യാതെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ താന്‍ സംഗീതം നല്‍കിയ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്കാരം വാങ്ങിയെന്നാണ് ആരോപണം. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വലിയ തോതിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇപ്പോള്‍ വിവാദത്തില്‍ പ്രതികരിക്കുകയാണ് സംവിധായികയും എംടിയുടെ മകളുമായ അശ്വതി നായര്‍. എം അശ്വതിയും ഈ ആന്തോളജിയിലെ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. ‘വിൽപ്പന’ എന്ന ചെറുകഥയാണ് ഇവരുടെ സിനിമ സിനിമയാക്കുന്നത്.

ഇപ്പോള്‍ ഉണ്ടായ വിവാദ വീഡിയോ തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് അശ്വതി മാധ്യമങ്ങളോട് പ്രതികരിച്ചു. ചടങ്ങില്‍ ആദരിക്കേണ്ടവരുടെ പേരുകള്‍ ചടങ്ങ് സംഘടിപ്പിച്ച നിര്‍മ്മാതാക്കളായ സരിഗമയ്ക്ക് നേരത്തെ നല്‍കിയിരുന്നു. അതില്‍ രമേഷ് നാരായണിന്‍റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ അത് അവര്‍ അദ്ദേഹത്തെ വിളിക്കാന്‍ മറന്നുപോയി. പിന്നീടാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ വേദിയിലെ ആങ്കറെ ഇത് അലെര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ അദ്ദേഹത്തിന് പുരസ്കാരം നല്‍കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കി. എന്നാല്‍ വീണ്ടും വേദിയിലേക്ക് കയറാന്‍ അദ്ദേഹം തയ്യാറാകാത്തതിനാല്‍ വേദിക്ക് മുന്നില്‍ വച്ചാണ് ഉപഹാരം സമ്മാനിക്കാന്‍ ഏര്‍പ്പാടാക്കിയത്. എന്നാല്‍ ഉപഹാരം സമ്മാനിക്കുന്ന സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. പുറത്തേക്ക് പോകേണ്ടി വന്നു. അതിനാല്‍ എന്താണ് സംഭവിച്ചത് എന്ന് കണ്ടില്ലെന്നും അശ്വതി നായര്‍ പറഞ്ഞു.

Leave a Reply