ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രാമായണത്തിന്റെ ദൃശ്യാവിഷ്കാരം. രൺബീർ കപൂർ, സായ് പല്ലവി, യഷ്, സണ്ണി ഡിയോൾ, രവി ദുബെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ, ചിലർ രൺബീറിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണ്.
തന്റെ പുതിയ ചിത്രം രാമായണയ്ക്ക് വേണ്ടി നോൺ വെജ് ഭക്ഷണം കഴിക്കുന്നത് നിർത്തിയതായി നേരത്തെ രൺബീർ പറഞ്ഞിരുന്നു. എന്നാൽ, ‘ഡൈനിംഗ് വിത്ത് ദി കപൂർസ്’ എന്ന വീഡിയോ അടുത്തിടെ പുറത്തിറങ്ങിയതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രാജ് കപൂറിൻ്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് വീഡിയോ നിർമിച്ചത്.
ഇതിൽ, അർമാൻ ജെയ്ൻ കപൂർ അതിഥികൾക്ക് ഫിഷ് കറി റൈസും ജംഗ്ലി മട്ടണും വിളമ്പുന്നത് കാണാനാകും. നീതു കപൂർ, കരീന കപൂർ, കരിഷ്മ കപൂർ, റീമ ജെയിൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർക്കൊപ്പം രൺബീർ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ, രൺബീർ എന്താണ് കഴിക്കുന്നതെന്ന് വീഡിയോയിലില്ല. ഈ വീഡിയോ വൈറലായതോടെയാണ് വിമർശനങ്ങൾ ആരംഭിച്ചത്.
രാമായണ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനോടുള്ള ബഹുമാനത്താൽ രൺബീർ മാംസാഹാരം ഉപേക്ഷിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം കുടുംബത്തോടൊപ്പം ഫിഷ് കറിയും മട്ടണും കഴിക്കുന്നതും ഇപ്പോൾ കാണാം. ബോളിവുഡിൽ ഏറ്റവും മികച്ച പിആർ ഉള്ളത് രൺബീറിനാണ്, എക്സിൽ വൈറലായ ഒരു പോസ്റ്റിൽ പറയുന്നു.






