കൊച്ചി ∙ അഡ്വ.രൺജീത് ശ്രീനിവാസ് വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 പ്രതികളിൽ ഒന്നു മുതൽ നാലു വരെയുള്ള പ്രതികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്‍ലം എന്നിവരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. തുടർന്ന് കോടതി സർക്കാരിന് നോട്ടിസ് അയച്ചു. കേസ് മാർച്ച് 13ന് വീണ്ടും പരിഗണിക്കും.
മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി നേരത്തെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു . ഈ സാഹചര്യത്തിൽ ശിക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതി 15 പ്രതികൾക്കും നോട്ടിസ് അയച്ചിരുന്നു.
ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജീത് ശ്രീനിവാസ് 2021 ഡിസംബര്‍ 19ന് രാവിലെയാണ് കൊല്ലപ്പെടുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിലയിരുത്തിയാണു കോടതി 15 പ്രതികൾക്കും വധശിക്ഷ വിധിച്ചത്.