രഞ്ജി ട്രോഫി മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. എലീറ്റ് ഗ്രൂപ്പ് എയിൽ മേഘാലയ ആണ് കേരളത്തിൻ്റെ ആദ്യ എതിരാളികൾ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഗുജറാത്ത്, മധ്യപ്രദേശ് ടീമുകളാണ് ഗ്രൂപ്പിൽ കേരളത്തിൻ്റെ മറ്റ് എതിരാളികൾ.
സച്ചിൻ ബേബി നായകനാകുന്ന കേരള ടീമിൽ നാല് പുതുമുഖങ്ങളാണുള്ളത്. വിക്കറ്റ് കീപ്പർ വരുൺ നായനാർ, പേസർ ഏദൻ ആപ്പിൾ ടോം, ഓപ്പണർ അനന്ദ് കൃഷ്ണൻ, പേസർ ഫാനൂസ് എഫ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സഞ്ജു സാംസൺ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ ടീമിനൊപ്പം ചേരും. ഗ്രൂപ്പ് ജേതാക്കൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഒൻപത് വേദികളിലായി 38 ടീമുകൾ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ.
കേരളത്തിൻ്റെ രഞ്ജി സ്ക്വാഡ്: സച്ചിൻ ബേബി, വിഷ്ണു വിനോദ്, ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമ്മൽ, അനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, രാഹുൽ പി, സൽമാൻ നിസാർ, ജലജ് സക്സേന, സിജോമോൻ ജോസഫ്, അക്ഷയ് കെസി, മിഥുൻ എസ്, ബേസിൽ എൻപി, നിധീഷ് എംഡി, ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ, ബേസിൽ തമ്പി, ഫാനൂസ് എഫ്, ശ്രീശാന്ത്, വരുൺ നായനാർ, വിനൂപ് മനോഹരൻ, ഏദൻ ആപ്പിൾ ടോം