സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി ഒരു ദേശീയ മാധ്യമത്തത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
“രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്ക് അറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യവുമില്ല”, എന്നാണ് രേവതി പറഞ്ഞത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി യുവാവ് രംഗത്ത് എത്തിയത്. അവസരം തേടി എത്തിയ തന്നോട് ബെംഗളൂരു താജ് ഹോട്ടലിൽ എത്താൻ രഞ്ജിത്ത് ആവശ്യപ്പെട്ടുവെന്നും മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കി പീഡിപ്പിച്ചു എന്നും ആയിരുന്നു യുവാവ് പറഞ്ഞത്. ഒപ്പം തന്റെ നഗ്ന ഫോട്ടോ എടുക്കുകയും ഇതാർക്കാണ് അയക്കുന്നതെന്ന് ചോദിച്ചപ്പോൾ നടി രേവതിയക്ക് ആണെന്ന് രഞ്ജിത്ത് പറഞ്ഞുവെന്നും യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെ രേവതിയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.