Spread the love

പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു അർജുനൻ സാക്ഷി. എന്നാൽ ചിത്രത്തിൽ യഥാർത്ഥ അർജുനൻ ആര് എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരുന്നില്ല. എന്നാൽ ഫിറോസ് മൂപ്പന്റെ കൊലപാതകത്തിന് സാക്ഷിയായ, പത്രാധിപർക്ക് കത്തയച്ച ആ വ്യക്തി ആരാണ് എന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകർക്ക് ഇപ്പോഴുമുണ്ട്. രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തുന്ന കമന്റുകൾ ഇതിന് തെളിവാണ്.

കഴിഞ്ഞ ദിവസം അർജുനൻ പത്രാധിപർക്ക് അയക്കുന്ന കത്തിന്റെ ചിത്രമാണ് രഞ്ജിത്ത് ശങ്കർ പങ്കുവെച്ചത്. അടിക്കുറിപ്പ് ഒന്നും ഇല്ലാതെയായിരുന്നു കത്ത്. ഇതോടെയാണ് അർജുൻ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകർ കമന്റുമായി എത്തിയത്. ഫിറോസ് മൂപ്പന്റെ അച്ഛൻ ഡോക്ടർ മൂപ്പനായിരുന്നു അർജുനൻ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. എന്നാൽ മൂപ്പന്റെ മരണത്തിന് ശേഷം അർജുനന്റെ പേരിൽ വീണ്ടും കത്തു വരുന്നുണ്ടല്ലോ എന്നും അത് എങ്ങനെയാണെന്നുമായിരുന്നു അവരുടെ ചോദ്യം. അതിന് പിന്നാലെയാണ് തന്റെ മനസിലുണ്ടായിരുന്ന അർജുനൻ കഥാപാത്രത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്. ഡോക്ടർ മൂപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്ബോൾ റോയിയോട് താനാണ് അർജുനൻ എന്ന് വെളിപ്പെടുത്തും. അദ്ദേഹത്തിന് വേണ്ടി പിന്നീട് റോയ് അർജുനൻ ആകുന്നതാണ്. ആ രഹസ്യം അവരിൽ ഒതുങ്ങും എന്നാണ് അദ്ദേഹം കുറിച്ചത്.

ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തകരിലൊരാളായ വിനോദ് ഷൊർണൂർ തന്റെ ശേഖരത്തിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കത്ത് ആകസ്മികമായി കണ്ടെത്തുകയും രഞ്ജിത്തിന് അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. ഒരു കൗതുകത്തിന്റെ പേരിലാണ് രഞ്ജിത് അത് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ച്ചത്. അദ്ദേഹത്തിന് നന്ദി പറയാനും രഞ്ജിത്ത് മറന്നില്ല.

Leave a Reply