വളാഞ്ചേരി : ഗ്രാമീണരെ ദുരിതത്തിലാഴ്ത്തി വാനരശല്യം. നഗരസഭയിലെ മഞ്ചറ, കിഴക്കേക്കര, കൊട്ടാരം ഭാഗങ്ങളിലാണ് വാനരപ്പടയെത്തി വീടുകളിൽ കയറി നിരങ്ങുന്നത്. ഓടിട്ട വീടുകൾ തിരഞ്ഞുപിടിച്ച് അടുക്കള വഴി കയറി ഭക്ഷണപദാർഥങ്ങൾ അടക്കമുള്ളവ നശിപ്പിക്കുന്നത് പതിവായി.
വാനരശല്യം രൂക്ഷമായത് വലിയ ദുരിതമായിട്ട് വർഷങ്ങൾ ആയെങ്കിലും പരിഹാര നടപടിയില്ലെന്നാണ് ആരോപണം. പറമ്പിലെ കപ്പ, ചേമ്പ്, തേങ്ങ, മാങ്ങ, അടയ്ക്ക, ചക്ക തുടങ്ങിയവയെല്ലാം കൂട്ടമായി ഇറങ്ങുന്ന വാനരന്മാർ നശിപ്പിക്കുകയാണ്. കുന്നിൻനിരപ്പിന് അകലെയായി കോട്ടെക്കാട് മേഖലയിലെ മരങ്ങൾ വെട്ടി നീക്കിയതോടെയാണ് വാനരന്മാർ നാട്ടിൽ എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. പരാതി ഏറിയതിനെ തുടർന്ന് 3 വർഷം മുൻപ് വനം വകുപ്പിന്റെ സഹകരണത്തോടെ നഗരസഭ അധികൃതർ ഇവയെ കെണി വച്ചു പിടികൂടി കാട്ടിലേക്ക് വിട്ടിരുന്നു. 2 തവണ ഇതു നടന്നു. പിന്നീട് ഒന്നുമുണ്ടായില്ല.