നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസ് എടുത്തത് മലയാളി പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇപ്പോൾ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്. 2018 മുതൽ ഈ കുട്ടിയെ തനിക്കു അറിയാം എന്നും അഞ്ച് വർഷത്തെ പരിചയത്തിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല എന്നും വിജയ്ബാബു പറയുന്നു. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസിൽ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു.