ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി പൊലീസിന്റെ ആവശ്യ പ്രകാരം കേന്ദ്രസർക്കാരിന്റേതാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇന്റർപോൾ വഴി ഇക്കാര്യം യു എ ഇയെയും പുറത്ത് വിജയ് ബാബു പോകാൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ഈ വിവരം അറിയിക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. എന്നാൽ കേസുകളിൽ പ്രതിയായവരെ കൈമാറ്റം ചെയ്യാനുള്ള കരാർ ഇല്ലാത്ത രാജ്യത്തേക്ക് കഴിഞ്ഞ ദിവസം വിജയ് ബാബു കടന്നതായിട്ടാണ് അന്വേഷണസംഘം സംശയിക്കുന്നത്. വിജയ് ബാബു പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട സമയം ഇന്നലെയാണ് അവസാനിച്ചത്. കൊച്ചി സിറ്റി പോലീസിനോട് നേരിട്ട് ഹാജരാകാൻ മെയ് 19 വരെയാണ് വിജയ് ബാബു സമയം ചോദിച്ചത്. വിദേശത്താണെന്നും ബിസിനിസ് ടൂറിലാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.