ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും ജനപ്രീതി നേടിയ നായികാ താരങ്ങളില്‍ ഒരാളാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍റെ നായികയായി എത്തിയ പുഷ്പ ഫ്രാഞ്ചൈസിയാണ് രശ്മികയുടെ താരമൂല്യം ഇത്രയും ഉയര്‍ത്തിയത്. കന്നഡ, ഹിന്ദി, തമ്ഴ് ഭാഷകളിലും രശ്മികയുടേതായി ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. നിരവധി ശ്രദ്ധേയ പ്രോജക്റ്റുകള്‍ അണിയറയിലുമാണ്. എന്നാല്‍ ഇപ്പോഴിതാ ഒരു നിര്‍ബന്ധിത വിശ്രമം വേണ്ടിവന്നിരിക്കുകയാണ് താരത്തിന്. രശ്മിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജിമ്മിലെ പരിശീലനത്തിനിടയില്‍ രശ്മികയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. വലതുകാലിനാണ് പരിക്ക് ഏറ്റിരിക്കുന്നത്, തന്‍റെ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചുകൊണ്ടാണ് രശ്മികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വരുന്ന ആഴ്കളില്‍ അല്ലെങ്കില്‍ മാസങ്ങളില്‍ ഒറ്റ കാലില്‍ ആയിരിക്കും തന്‍റെ സഞ്ചാരമെന്ന് പകുതി തമാശയ്ക്കും പകുതി കാര്യമായും രശ്മിക പറയുന്നു. ചിത്രീകരണം പുരോഗമിക്കുന്ന തന്‍റെ മൂന്ന് ചിത്രങ്ങളുടെ സംവിധായകരോട് ഷൂട്ടിംഗ് നീളുന്നതിന് ക്ഷമ ചോദിക്കുന്നുമുണ്ട് നടി. ഹിന്ദി ചിത്രങ്ങളായ സിക്കന്തര്‍, തമ, തമിഴ്, തെലുങ്ക് ചിത്രമായ കുബേര എന്നിവയാണ് രശ്മികയ്ക്ക് പൂര്‍ത്തിയാക്കാനുള്ളത്.
എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാവുന്ന ചിത്രമാണ് സിക്കന്തര്‍. കാജല്‍ അഗര്‍വാള്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആയുഷ്മാന്‍ ഖുറാന നായകനാവുന്ന ചിത്രമാണ് തമ. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന കുബേരയില്‍ ധനുഷും നാഗാര്‍ജുനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റ് ആണ് നിലവില്‍ പുഷ്പ 2. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട അവസാന കണക്ക് അനുസരിച്ച് 1831 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്.