ന്യൂഡൽഹി∙ നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫെയ്ക് വിഡിയോ കേസ് അന്വേഷണത്തില്‍ പുരോഗതി. ഇന്റർനെറ്റിൽ വിഡിയോ അപ്‌ലോഡ് ചെയ്ത നാലുപേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് പറഞ്ഞു . കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം.
മെറ്റ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. വ്യാജപ്പേരുകളിലായിരുന്നു നാലുപേർക്കും സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുള്ളത്. ഡീപ്ഫെയ്ക് വിഡിയോ അപ്‌ലോഡ് ചെയ്തവരാണ് ഇവർ. വിഡിയോ നിർമിച്ചവരെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു .
ഒരു മാസം മുൻപാണ് ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മിക മന്ദാനയുടെ ഡീപ്പ്ഫെയ്ക് ദൃശ്യങ്ങൾ പ്രതികള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. യഥാർഥത്തിൽ സാറ പട്ടേൽ എന്ന യുവതിയുടെതായിരുന്നു ഈ ദൃശ്യങ്ങൾ. എഐ സാങ്കേതിക വിദ്യയിലൂടെ സാറയുടെ മുഖം മാറ്റി രശ്മികയുടെ മുഖം വച്ചാണ് വിഡിയോ നിർമിച്ചത്. സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 11ന് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.