
ഗ്രാമവാസികള്‍ക്ക് എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാന്‍ ഇനി നഗരങ്ങളിലേക്കു പോകേണ്ട ആവശ്യമില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അക്ഷയ കേന്ദ്രങ്ങളും സബ്സിഡി നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്ന സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളും തേടി അലയേണ്ടതില്ല.
എല്ലാം ഇനി കൈയെത്തും ദൂരത്ത് എത്തുകയാണ്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട റേഷന്‍കടകള്‍ മൈക്രോ എടിഎം കൗണ്ടറുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളുമായി മാറുന്നതോടെ ഇത്തരത്തിലുള്ള സേവനങ്ങളെല്ലാം ഇനി വിളിപ്പാടകലെ എത്തിച്ചേരും.
സംസ്ഥാനത്തെ ആയിരം റേഷന്‍ കടകളാണു വ്യത്യസ്തമായ സേവനങ്ങളുമായി മുഖം മിനുക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തില്‍ ഒരോ ജില്ലയിലും അഞ്ചു റേഷന്‍ കടകളെ പദ്ധതി നടപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ വിജയകരമാണെന്നു കണ്ടാല്‍ മറ്റു റേഷന്‍ കടകളിലേക്കും വ്യാപിപ്പിക്കും. 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൗകര്യങ്ങളോടുകൂടിയ റേഷന്‍ കടകളാണു മൈക്രോ എടിഎം കൗണ്ടറുകളും മിനി സൂപ്പര്‍ മാര്‍ക്കറ്റുകളുമായി മാറുന്നത്.
രണ്ടു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ബാങ്കുകളോ എടിഎം കൗണ്ടറുകളോ അക്ഷയ കേന്ദ്രങ്ങളോ മാവേലി സ്റ്റോറുകളോ പാടില്ല. ഇത്തരത്തിലുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യങ്ങള്‍ റേഷന്‍ കടയുടമ ഒരുക്കണം.
റേഷന്‍ കടകളില്‍ നിലവില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ വിരലടയാളം വയ്ക്കുന്ന ഇ-പോസ് മെഷിന് മൈക്രോ എടിഎം മെഷീനാക്കി മാറ്റും. ഇതുപയോഗിച്ച് 5000 രൂപ വരെ ഒരു ദിവസം പിന്‍വലിക്കാം.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും കാര്‍ഡുകള്‍ പണം പിന്‍വലിക്കാന്‍ ഉപയോഗിക്കാം. മിനി സ്റ്റേറ്റ്മെന്റും ലഭിക്കും. ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് തുകയും അറിയാന്‍ സാധിക്കും. ഇതിന്റെ വിശദാംശങ്ങള്‍ തയറാക്കിവരുന്നതേയുള്ളു.
റേഷന്‍ സാധനങ്ങള്‍ക്കു പുറമേ സിവില്‍ സപ്ലൈസ് വകുപ്പ് സബ്സിഡി അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന 13 ഇനം ഭക്ഷ്യസാധനങ്ങള്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റായി മാറുന്ന റേഷന്‍ കടകളില്‍ ലഭിക്കും. മില്‍മയുടെ പാല് ഉത്പന്നങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ എന്നിവയും ഇവിടെനിന്നു വാങ്ങാന്‍ സാധിക്കും.
അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന എല്ലാ സേവനങ്ങളും കേരള സ്റ്റോര്‍ എന്നു പേരിടുന്ന കടകളില്‍ ലഭിക്കും. നിലവില്‍ അക്ഷയകേന്ദ്രങ്ങള്‍ ഈടാക്കുന്നതുപോലെ അതിനു സര്‍വീസ് ചാര്‍ജ് നല്‍കണം. ഇത്തരം കടകളില്‍ ഒരാളെ ജോലിക്കുവയ്ക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.
റേഷന്‍ കടകള്‍ ജനസേവന കേന്ദ്രങ്ങളായി മാറുന്നതോടെ നാട്ടിന്‍പുറങ്ങളില്‍ പുതിയ ഉണര്വുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇ-പോസ് മെഷിന് രാജ്യത്ത് നടപ്പാക്കിയപ്പോള്‍ എല്ലാ റേഷന്‍ കടകളും മൈക്രോ എടിഎം കൗണ്ടറുകളാക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതോടെ കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.