Spread the love
റേഷന്‍ മണ്ണെ വിതരണം ആറു മാസത്തിൽ ഒരിക്കൽ ആക്കിയേക്കും; മുൻഗണന വിഭാഗക്കാർക്ക് അര ലിറ്റർ ആയേക്കും

കേന്ദ്ര വിഹിതം കുറച്ചതിനാല്‍ റേഷന്‍ മണ്ണെണ്ണ വിതരണം ആറു മാസത്തിലൊരിക്കലായി പുനഃക്രമീകരിച്ചേക്കും.

മുന്‍ഗണനാ വിഭാഗത്തിലെ പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്കു നിലവില്‍ നല്‍കുന്ന ഒരു ലീറ്റര്‍ മണ്ണെണ്ണ അര ലീറ്ററായും കുറച്ചേക്കും.

മാസം തോറും നല്‍കിയിരുന്ന മണ്ണെണ്ണ, കഴിഞ്ഞ വര്‍ഷം മുതല്‍ മൂന്ന് മാസത്തിലൊരിക്കലാണു വിതരണം ചെയ്യുന്നത്. ഇത് ഇനി ആറു മാസത്തിലൊരിക്കലാക്കാനാണ് സര്‍ക്കാര്‍ നീക്കം.

മണ്ണെണ്ണ വിഹിതം കുറയ്ക്കുന്നതും മണ്ണെണ്ണയുടെ വിലവര്‍ധിക്കുന്നതും മത്സ്യബന്ധന മേഖലയ്ക്കും തിരിച്ചടിയാകും.

മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയ്ക്ക് ലീറ്ററിന് 25 രൂപയാണു മത്സ്യഫെഡ് വഴി സബ്‌സിഡി നല്‍കുന്നത്. പെര്‍മിറ്റുള്ള ബോട്ടിന് ഒരു മാസം 110 ലീറ്റര്‍ ലഭിക്കും. സബ്‌സിഡി തന്നെ കുടിശികയാണ്. സബ്‌സിഡി മണ്ണെണ്ണ തീര്‍ന്നാല്‍, പൊതുവിപണിയെ ആശ്രയിക്കേണ്ടിവരും. പൊതുവിപണിയില്‍ വില ലീറ്ററിന് 126 രൂപ വരെയായി ഉയര്‍ന്നു. കേരളത്തിനുള്ള ക്വോട്ട കുറയ്ക്കരുതെന്നും വില കൂട്ടരുതെന്നും ആവശ്യപ്പെട്ട് മന്ത്രി ജി.ആര്‍.അനില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയെ കാണും.

അതിനിടെ, മണ്ണെണ്ണ വില ഒറ്റയടിക്ക് 28 രൂപ വര്‍ധിച്ച്‌ ലീറ്ററിന് 81 രൂപയായ സാഹചര്യത്തില്‍ നിലവില്‍ റേഷന്‍ കടകളില്‍ ബാക്കിയുള്ള 8.45 ലക്ഷം ലീറ്ററിന് പുതിയ വില ഈടാക്കാനാണു സര്‍ക്കാര്‍ നീക്കം.

ഇതുവഴി ഒരു കോടിയിലേറെ രൂപ ലാഭം ഉണ്ടാകുമെന്നാണു കരുതുന്നത്. റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ ഇനത്തില്‍ നിന്ന് ഈ മാസം ഈ തുക പിടിക്കുമെന്നാണു സൂചന.

Leave a Reply