തിരുവനന്തപുരം: ഒറ്റയ്ക്കു കഴിയുന്ന, റേഷന്‍ കടയിലെത്താന്‍ ബുദ്ധിമുട്ടുള്ള 80 വയസ് കഴിഞ്ഞവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ സിവില്‍ സപ്ളൈസ് വകുപ്പ് അടുത്ത മാസം മുതല്‍ വീട്ടിലെത്തിക്കും.
കുടുംബശ്രീ അംഗങ്ങളെയോ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയോ ഇതിന് ഉപയോഗിക്കും. ഭക്ഷ്യ, സാമൂഹ്യനീതി വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ ഉടന്‍ ചര്‍ച്ച നടത്തി തീയതി തീരുമാനിക്കും.
ഇത്തരക്കാരുടെ റേഷന്‍ സാധനങ്ങള്‍ മറ്റുള്ളവര്‍ വാങ്ങുന്നെന്ന പരാതികള്‍ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചിരുന്നു. ഇതു പരിഗണിച്ചാണ് മന്ത്രി ജി.ആര്‍. അനിലിന്റെ നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ റേഷന്‍ എത്തിക്കാന്‍ തീരുമാനിച്ചത്.
കിടപ്പ് രോഗികളുള്ള കുടുംബങ്ങളില്‍ റേഷന്‍ എത്തിക്കാന്‍ മൊബൈല്‍ കടകളും വൈകാതെ ആരംഭിക്കും. കെ.എസ്.ആര്‍.ടി.സിയുടെ പഴയ ബസുകള്‍ രൂപമാറ്റം വരുത്തി ഇതിനുപയോഗിക്കും.
പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍
ഒറ്റയ്ക്കു കഴിയുന്ന 80 കഴിഞ്ഞവരുടെ പട്ടിക നഗരസഭ, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ അംഗങ്ങളുടെ സഹായത്തോടെ തയ്യാറാക്കും. ഏത് റേഷന്‍ കടയിലാണോ കാര്‍ഡ് അവിടന്ന് സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും.
വാടക വീട്ടുകാര്‍ക്ക് റേഷന്‍ കാര്‍ഡിനുള്ള നിബന്ധനകളില്‍ ഇളവ്
സംസ്ഥാനത്ത് വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്ബോള്‍ സാധുവായ വാടക കരാറും കെട്ടിട ഉടമയുടെ സമ്മതപത്രവും വേണമെന്ന നിബന്ധന ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പകരം അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും അപേക്ഷന്റേയും മറ്റ് കുടുംബാംഗങ്ങളുടേയും ആധാര്‍ കാര്‍ഡ് വിവരങ്ങളും മതിയാകും. ഇങ്ങനെ ലഭിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ റേഷന്‍ ആനുകൂല്യങ്ങള്‍ക്കല്ലാതെ തിരിച്ചറിയല്‍ രേഖയായോ മറ്റ് ആനുകൂല്യങ്ങള്‍ക്കുള്ള രേഖയായോ ഉപയോഗിക്കാന്‍ പാടില്ല.