മലപ്പുറം: വിവാഹത്തിനു മുൻപ് ഭാവി മരുമകളുടെ പേര് ‘റേഷൻ കാർഡിൽ’ ഉൾപ്പെടുത്തിയിരിക്കുകയാണ് മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ കെ മോഹൻദാസ്. മകന്റെ വിവാഹ ക്ഷണക്കത്താണ് മോഹൻദാസ് റേഷൻ കാർഡ് രൂപത്തിൽ തയാറാക്കിയത്. മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് റേഷൻ കാർഡിന്റെ രൂപത്തിൽ അച്ചടിച്ചത്. വർഷങ്ങളായി റേഷൻ കട നടത്തുന്ന ഇദ്ദേഹത്തന്റെ റേഷൻകടയോടുള്ള സ്നേഹം കാരണം മറ്റൊരു മാതൃകയും മനസ്സിൽ വന്നില്ലെന്ന് മോഹൻദാസ് പറയുന്നു.
വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി, റേഷൻ കാർഡ് നമ്പറിനു പകരം സ്വന്തം ഫോൺ നമ്പർ, എന്നിങ്ങനെ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രിക. ഈ മാസം 28ന് വധൂഗൃഹത്തിൽവച്ചാണ് വിവാഹം. ലളിതവും എന്നാൽ ഏറെ വ്യത്യസ്തവുമായ വിവാഹക്കുറി എപ്പോൾ ചർച്ചാവിഷയമാണ്.