തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് തലവേദനയായി ഭണ്ഡാരത്തിൽ വീണ്ടും നിരോധിച്ച നോട്ടുകൾ. നിരോധിച്ച നോട്ടുകൾ എന്ത് ചെയ്യണം എന്നറിയാതെ വലയുകയാണ് അധികൃതർ. നോട്ട് നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും 1000 രൂപയുടെ 36 നോട്ടുകളും, 500 രൂപയുടെ 57 നോട്ടുകളും അടക്കം 64,000രൂപയുടെ നിരോധിത നോട്ടുകളാണ് ഗുരുവായൂരിൽ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത്.
കോടിക്കണക്കിനു രൂപയുടെ നിരോധിച്ച നോട്ടുകളാണ് എന്ത് ചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതർ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 100 രൂപയുടെ ഒരു നോട്ടും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിലെ ഡിസംബർ മാസത്തെ ഭണ്ഡാര വരവ് ആയി 5,51,64,436 രൂപ ലഭിച്ചു. ഇതിനു പുറമെ 4.135.600( 4കിലോ, 135-ഗ്രാം, 600-മില്ലിഗ്രാം) സ്വർണ്ണവും, 11.260 കിലോഗ്രാം വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല.