Spread the love

റീ കാർപറ്റിങ് പൂർത്തിയായതോടെ കരുത്താർജിച്ച റൺവേയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും. മഞ്ഞും മഴയും ഉൾപ്പെടെ പ്രതികൂല കാലാവസ്ഥയിൽ പൈലറ്റിനു റൺവേയുടെ കാഴ്ച വർധിപ്പിക്കാൻ സെന്റർലൈൻ ലൈറ്റ്, ടച്ച് ഡൗൺ സോൺ ലൈറ്റ് എന്നിവ സ്ഥാപിക്കൽ പൂർത്തിയായി.2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി ബലപ്പെടുത്തിയത്.

റൺവേയുടെ മധ്യത്തിലൂടെ നേർരേഖയായി കടന്നുപോകുന്ന റൺവേ സെന്റലൈൻ ലൈറ്റുകൾ ഘടിപ്പിച്ച റൺവേ രാജ്യത്തുതന്നെ അപൂർവമാണ്. കേരളത്തിൽ കരിപ്പൂരിനു പുറമേ, കൊച്ചിയിൽ മാത്രമാണ് സെൻട്രൽലൈൻ ലൈറ്റുകളുള്ളത്. കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്തതാണു ലൈറ്റുകൾ. ലാൻഡിങ് കൃത്യതയുള്ളതാക്കാൻ പുതിയ ടച്ച് ഡൗൺ സോൺലൈറ്റുകളും സ്ഥാപിച്ചു. റൺവേ റീ കാർപറ്റിങ് ജോലിക്കിടെ 2 മാസംകൊണ്ടാണ് ലൈറ്റുകൾ ഘടിപ്പിക്കൽ പൂർത്തിയാക്കിയത്.

2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തെത്തുടർന്നു തകർന്ന ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) നേരത്തേ മാറ്റിസ്ഥാപിച്ചിരുന്നു. ടേബിൾ ടോപ് റൺവേ ആണെങ്കിലും ഐഎൽഎസ് കാറ്റഗറി ഒന്നിൽപെടുന്ന കോഴിക്കോട് വിമാനത്താവളത്തിന് ഈ രണ്ടു ലൈറ്റ് സംവിധാനവും നിർബന്ധമല്ല. എങ്കിലും കൂടുതൽ സുരക്ഷയുടെ ഭാഗമായാണ് സംവിധാനങ്ങൾ ഒരുക്കിയത്.

റൺവേയിൽ വിമാനയാത്ര സുരക്ഷിതമാക്കുന്നതിനൊപ്പം റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടം ഒഴിവാക്കാൻ വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കൽ ജോലിയും പുരോഗമിക്കുന്നുണ്ട്. റൺവേ പ്രതലത്തോടൊപ്പമാണു വശങ്ങൾ ഉയർത്തുന്നത്. ഈ ജോലിക്ക് നേരത്തേ മണ്ണു ലഭിക്കാത്ത സാങ്കേതിക തടസ്സമുണ്ടായിരുന്നു. ആ പ്രതിസന്ധിയും കഴിഞ്ഞ ദിവസത്തോടെ നീങ്ങി.

Leave a Reply