കൊല്ലം: ലോഡുമായി വന്ന റെഡിമിക്സ് ലോറി കയറ്റത്തിൽ നിന്ന് പിന്നോട്ട് പോയി പാതയോരത്തെ വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന് ഭാഗികമായി തകരാറുകൾ സംഭവിച്ചു. സംഭവസമയത്ത് വീടിനകത്തായിരുന്ന വീട്ടമ്മ പൂജാമുറിയിലേക്ക് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ പെട്ട ലോറിയുടെ ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വീടിന്റെ മുൻ ഭിത്തിയും കോൺഗ്രീറ്റ് ഷെയ്ഡും തകർന്ന് ലോറി വീട്ടിനുള്ളിലേക്ക് കയറിയ നിലയിലാണ്. അപകടത്തിന് പിന്നാലെ കോൺഗ്രീറ്റ് മിശ്രതം വീട്ടിലാകെ വ്യാപിച്ചു. വീടിന്റെ നടുത്തളം മുഴുവൻ ലോറി വീണ് തകർന്നു. ഭാഗികമായി തകർന്ന വീടിന്റെ തറയടക്കം ഇടിഞ്ഞ നിലയിലാണ്. മൈലം-കുരാ പാതയില്‍ കുരാ വായനശാല ജങ്ഷനിലെ അങ്കണവാടിക്കുസമീപമാണ് അപകടം. അഖിൽ ഭവനിൽ രാമചന്ദ്രൻ പിള്ളയുടെ വീടാണ് തകർന്നത്. ഭാര്യ ഗിരിജയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
അടൂരിൽ നിന്ന് കുന്നിക്കോട് ഭാഗത്തേക്ക് കോൺഗ്രീറ്റ് മിശ്രിതവുമായി വന്നതാണ് ലോറി. കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഉരുണ്ടു പോയ ലോറി സമീപത്ത് അൽപം താഴ്ചയിലുള്ള വീട് തകർത്ത് മറിഞ്ഞ് നിൽക്കുകയായിരുന്നു. അതേസമയം ലോറിയുടെ പിന്നിൽ ഉണ്ടായിരുന്ന സ്കൂൾ ബസ് പെട്ടെന്ന് പിന്നോട്ട് മാറിയതിനാൽ വൻ അപകടം ഒഴിവായി. ബസിൽ ഇടിക്കുമായിരുന്ന ലോറി തലനാരിഴയ്ക്കാണ് തെന്നിമാറിയത്.