വൻ കുടലിൽ അർബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി അഭിനയത്തിൽ നിന്ന് താത്ക്കാലിക ഇടവേളയെടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്. ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർ കഴിഞ്ഞദിവസം അറിയിച്ചത്. ശബരിമലയിൽ ദർശനം നടത്തിയ നടൻ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതിന്റെ വാർത്തകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുമായി ബന്ധപ്പെട്ട മറ്റൊരു വിവരമാണ് പുറത്തുവരുന്നത്.
തന്റെ ആഡംബര വസതി ആരാധകർക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടിയും കുടുംബവും എന്നാണ് റിപ്പോർട്ടുകൾ. കൊച്ചി പനമ്പിള്ളി നഗറിലെ വീട് സ്റ്റേക്കേഷൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി തുറന്നുകൊടുക്കുകയാണെന്നാണ് വിവരം. അത്യാഡംബര സൗകര്യങ്ങളോടുകൂടിയുള്ളതാണ് ഈ വീട്. നാല് വർഷം മുൻപുവരെ സകുടുംബം മമ്മൂട്ടി ഇവിടെയാണ് കഴിഞ്ഞിരുന്നത്. പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ പുതിയ വീട് പണിതതോടെ കുടുംബം അങ്ങോട്ടേയ്ക്ക് താമസം മാറി. പനമ്പിള്ളിയിലെ വീട് റിസോർട്ടാക്കി മാറ്റിയിരിക്കുകാണ് താരം. ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.
അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്.