Spread the love

മാനന്തവാടി∙ മാനന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഖ്‍ന’ എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനായുള്ള ദൗത്യം തുടരുന്നു. കാട്ടിക്കുളം ബാവലി പാതയിൽ ആനപ്പാറ വളവിൽ ബേലൂർ മഖ്നയുടെ സിഗ്നൽ ലഭിച്ചു. ആനയെ നേരിട്ടു കണ്ടെത്താൻ ദൗത്യസംഘം കാട്ടിലേക്കു നീങ്ങി.

വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാനന്തവാടിയിലെത്തി. അഞ്ച് ഡിഎഫ്ഒമാരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. 4 വെറ്റിനറി ഓഫിസർമാരും സംഘത്തിനൊപ്പമുണ്ട്. ദൗത്യത്തിന്റെ ഭാഗമായി നാലു കുങ്കിയാനകളെ ബാവലിയിൽ എത്തിച്ചു.
ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകി. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് നിർദേശം. വനംവകുപ്പ് സംഘം കാട്ടിൽ തന്നെ തുടരുകയാണ്. അനുയോജ്യമായ സാഹചര്യത്തിൽ കണ്ടാൽ മയക്കുവെടി വയ്ക്കും. ‘‘മയക്കുവെടിവച്ചു മുത്തങ്ങയിലേക്കു കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണോ എന്നതിൽ പിന്നീട് തീരുമാനം എടുക്കും’’–മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. വയനാട്ടില്‍ രണ്ട് ആർആർടി കൂടി രൂപീകരിക്കും. അന്തർസംസ്ഥാന കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളാണ് സ്ഥലത്തുള്ളത്. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ കുംകി ആനകളാണ് ദൗത്യസംഘത്തെ സഹായിക്കുന്നത്.കര്‍ണാടകയില്‍നിന്നു പിടികൂടി കാട്ടില്‍വിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയില്‍ എത്തിയത്. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്‌ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ‘ബേലൂര്‍ മഖ്‍ന’യെ മയക്കുവെടിവച്ചു പിടികൂടിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം കേരള അതിര്‍ത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്‍പില്‍പ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതില്‍ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.

Leave a Reply