രജിസ്ട്രേഷൻ വകുപ്പിന് റിക്കോർഡ് വരുമാനം. 2021-22 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ വർദ്ധനയാണ് വരുമാനത്തിലുണ്ടായത്. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് വകുപ്പ് നേടിയത്.
12 ജില്ലകളിൽ ബജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതൽ വരുമാനമുണ്ടായി. ലക്ഷ്യം നേടാനാകാത്ത ജില്ലകളിലും വരുമാനം മുൻ വർഷത്തേക്കാൾ വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 4125.99 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. വരുമാനമാകട്ടെ 107.41 ശതമാനം ഉയർന്ന് 4431.88 കോടി രൂപയായി.
സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 9,26,487 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2020-21 സാമ്പത്തിക വർഷത്തേക്കാൾ 1,63,806 ആധാരങ്ങൾ കൂടുതലായി രജിസ്റ്റർ ചെയ്തു. ആധാര രജിസ്ട്രേഷനിൽ നിന്നും 4,431.88 കോടി രൂപ വരുമാനമായി ലഭിച്ചു. മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. 2020-21 ൽ 7,62,681 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിൽ നിന്നും 3130.32 കോടി രൂപയായിരുന്നു വരുമാനം. ഏറ്റവും കൂടുതൽ ആധാരം രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1,20,143 രജിസ്ട്രേഷനുകൾ.