തിരുവനന്തപുരം: ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 117 കോടിക്കാണ് ഇത്തവണ മദ്യം വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലാണ് ഇക്കുറി ഏറ്റവും കൂടുതൽ മദ്യം വിറ്റത്. രണ്ട് വർഷത്തെ കൊറോണ ഇടവേളയ്‌ക്ക് ശേഷം മദ്യവിൽപ്പനയിൽ വലിയ കുതിപ്പ് ഉണ്ടായതായി അധികൃതരും പറയുന്നു.
കഴിഞ്ഞ വർഷം 85 കോടിയുടെ മദ്യമാണ് ഉത്രാട ദിനത്തിൽ വിവിധ ഔട്ട്‌ലെറ്റുകൾ വഴി വിറ്റത്. അതാണ് ഇക്കുറി 117 കോടിയിലേക്ക് കുതിച്ചുയർന്നത്. ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിലായി 624 കോടിയുടെ മദ്യവും വിറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 529 കോടി രൂപയായിരുന്നു. മദ്യ വിൽപ്പനയിൽ നിന്നും 550 കോടി രൂപയാണ് ഇക്കുറി സർക്കാർ ഖജനാവിലേക്ക് എത്തുന്നത്.
ഇക്കുറി നാല് ഔട്ട്‌ലെറ്റുകളിൽ ഒരു കോടിയിലധികം രൂപയ്‌ക്ക് മദ്യവിൽപ്പന നടത്തിയിട്ടുണ്ട്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിൽ നിന്ന് 1 കോടി ആറ് ലക്ഷം രൂപയുടെ വിൽപ്പന നടന്നു. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലും വലിയ വിൽപ്പനയാണ് നടന്നിരിക്കുന്നത്.