പല വിചിത്ര വാർത്തകളും കൗതുക വാർത്തകളും നിങ്ങൾ കേട്ടു കാണും എന്നാൽ ഇതുപോലൊരെണ്ണം ആദ്യമായിരിക്കും. നിങ്ങൾ അലക്കുമ്പോൾ സമീപത്ത് ഊരിവയ്ക്കുന്ന സ്വർണവള അപ്രതീക്ഷിതമായി കാക്ക കൊത്തിയെടുത്ത് പറന്നാലോ? ഈ വള കാക്ക സ്വന്തം കൂട് അലങ്കരിക്കാൻ ഉപയോഗിക്കുമെന്നോ? ഇതെല്ലാം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഇത് നിങ്ങളെ തിരികെ തേടി വന്നാലോ? കേൾക്കുമ്പോൾ കുട്ടികളുടെ കഥകളിൽ പോലും കേൾക്കാത്ത തരം സന്ദർഭങ്ങൾ എന്ന് തോന്നുന്നില്ലേ? എങ്കിൽ ഇതാണ് സത്യം. ഇത് മലപ്പുറം മഞ്ചേരിയിൽ നടന്ന കഥയാണ്.
മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിൽ ഹരിത ശരത്തിന്റെ വളയാണ് കാക്ക കൊത്തിക്കൊണ്ട് പോയത്. 2022 ഫെബ്രുവരിയിലായിരുന്നു സംഭവം. തുണിയലക്കുന്നതിനിടെ വള കല്ലിൽ ഊരിവച്ചതായിരുന്നു. ഒന്നരപ്പവനുള്ള വള ഭർത്താവ് ശരത് വിവാഹ നിശ്ചയത്തിന് അണിയിച്ചതായിരുന്നു. കാക്ക കൊണ്ടുപോയ വള വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. കഴിഞ്ഞ മാസം മാങ്ങ പറിക്കുന്നതിനായി നാട്ടുകാരനായ അൻവർ സാദത്ത് മരത്തിൽ കയറിയപ്പോഴാണ് കൂടിനുള്ളിൽ വളക്കഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.കൂട് അലങ്കരിക്കുന്നതുപോലെ മൂന്ന് കഷ്ണങ്ങളാക്കിയ നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വള. തുടർന്ന് ഉടമയെ കണ്ടെത്തുന്നതിനായി വിവരം തൃക്കലങ്ങോട് വായനശാല സെക്രട്ടറി ഇ വി ബാബുരാജിനെ അറിയിച്ചു.
തുടർന്ന് വായനശാലയിൽ ഇതുസംബന്ധിച്ച് നോട്ടീസ് പതിപ്പിച്ചു. തെളിവുസഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പ്. വിവരം ശരത്തിന്റെ അച്ഛൻ സുരേഷിന്റെ അടുക്കലെത്തി. തുടർന്ന് വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജുവലറിയുടെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ എന്നിവ സഹിതമെത്തി കൈപ്പറ്റുകയായിരുന്നു






