Spread the love

വണ്ണം കുറയ്ക്കാനും ഭാരം കുറയ്ക്കാനും പാടുപെടുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വയറ് കുറയാത്തതും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കാത്തതും വലിയ പ്രശ്‌നമാണ്. വയറ്റില്‍ ആഴത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കരള്‍, പാന്‍ക്രിയാസ്, കുടല്‍ തുടങ്ങിയ സുപ്രധാന അവയവങ്ങളെ ചുറ്റിപ്പറ്റിയുള്ള വിസറല്‍ കൊഴുപ്പാണ്. ഈ കൊഴുപ്പ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ടൈപ്പ് 2 പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്കും ഇത് കാരണമാകുന്നു. മോശമായ ഭക്ഷണക്രമവും വ്യായാമക്കുറവും സമ്മര്‍ദ്ദവും പ്രായവും ഒക്കെ ഈ കൊഴുപ്പ് അടിഞ്ഞുകൂടലിന് കാരണമാകാറുണ്ട്.

വയറിലെ കൊഴുപ്പും അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളും മനസ്സിലാക്കുന്നത് ഫലപ്രദമായ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ആദ്യപടിയാണ്. സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, മതിയായ ഉറക്കം നേടുക എന്നീ നുറുങ്ങുകള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് വയറിലെ കൊഴുപ്പ് കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. വയറിലെ കൊഴുപ്പിനെ പുറംതളളാന്‍ സഹായിക്കുന്ന ചില പാനിയങ്ങളെക്കുറിച്ച് അറിയാം.

നാരങ്ങാവെളളം ഇങ്ങനെ കുടിക്കണം

ചെറുചൂടുള്ള വെള്ളത്തിലേക്ക് നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇവയ്ക്ക് കലോറിയും വളരെ കുറവാണ്.

ഗ്രീന്‍ടീ

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ടീ കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. കാറ്റെച്ചിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഈ ആന്റി ഓക്സിഡന്റുകള്‍ കൊഴുപ്പ് ഓക്സിഡേഷന്‍ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ മെറ്റാബോളിക് നിരക്ക് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ക്യാരറ്റ് ജ്യൂസ്

കലോറി കുറവും ഫൈബര്‍ അടങ്ങിയതുമായ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസിലെ നാരുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാന്‍ ആവശ്യമായ ഫൈബര്‍ കഴിക്കണമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ക്യാരറ്റ് ജ്യൂസില്‍ കലോറിയും കുറവാണ്. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ക്യാരറ്റ് ജ്യൂസ് ഒരു നല്ല ഓപ്ഷനാണ്.

ഇഞ്ചി ചായ

ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പ് കുറയാന്‍ നല്ലതാണ്. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും.

വെള്ളരിക്ക ജ്യൂസ്

വെള്ളവും നാരുകളും ധാരാളം അടങ്ങിയ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.വെള്ളരിക്ക ജ്യൂസിലും കലോറി കുറവാണ്. അതിനാല്‍ തന്നെ മറ്റു സോഫ്റ്റ് ഡ്രിങ്ക്‌സുകളെപോലെ ശരീര ഭാരം കൂടുമെന്ന ഭയമില്ലാതെ കുടിക്കാം.കുറഞ്ഞ കലോറിയും വെള്ളരി പോലുള്ള ഉയര്‍ന്ന ജലാംശമുള്ള പച്ചക്കറികളും കഴിക്കുന്നത് ശരീരഭാരം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു

തണ്ണിമത്തന്‍ ജ്യൂസ്

കലോറി കുറവും വെളളം കൂടുതലുളളതുമായ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. തണ്ണിമത്തനില്‍ 92% വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, വൈറ്റമിന്‍ എ, സി എന്നിവയുള്‍പ്പെടെ വിവിധ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറി താരതമ്യേന കുറവാണ്.

Leave a Reply